കാമുകനെ പൈലറ്റാക്കാന്‍ സ്വന്തം വീട് കൊള്ളയടിച്ച് കാമുകി; കവര്‍ന്നത് ഒരു കോടി

കാമുകന്റെ പൈലറ്റ് മോഹം സഫലീകരിക്കാൻ കാമുകി സ്വന്തം വീട് കൊള്ളയടിച്ചു. സിനിമയെ വെല്ലും ഈ പ്രണയ–മോഷണക്കഥ കേട്ടവര്‍ കേട്ടവര്‍ ഞെട്ടി. ഒന്നും രണ്ടു രൂപയല്ല, ലക്ഷങ്ങളുടെ മോഷണമാണ് പ്രിയങ്ക പർസാന എന്ന ഇരുപതുകാരി കാമുകനുവേണ്ടി നടത്തിയത്. അഹമ്മദാബാദ് സ്വദേശികളായ പ്രിയങ്കയും ഹേത്ത് ഷായും ചാർടേഡ് അക്കൗണ്ടൻസിക്ക് പഠിക്കുന്നവരാണ്. ട്യൂഷൻ ക്ലാസിൽവെച്ചാണ് ഇരുവരും പ്രണയത്തിലായത്. മോര്‍ബിയില്‍ സെഹാമിക് നിര്‍മ്മാണ കമ്പനിയിലെ ജോലിക്കാരന്റെ മകനായ ഹേത്തിന്റേത് ദരിദ്രമായ കുടുംബപശ്ചാത്തലമാണ്, പ്രിയങ്കയുടേത് സമ്പന്ന കുടുംബവും.

ഹേത്തിന്റെ വലിയ ആഗ്രഹമാണ് പൈലറ്റ് ആകുക. ബെംഗളൂരിൽ പൈലറ്റാകാനുള്ള കോഴ്സിന് ചേരാനുള്ള ഫീസ് ഏകദേശം ഇരുപതുലക്ഷം രൂപയാണ്. കാമുകന്റെ മോഹം എങ്ങനെയെങ്കിലും സഫലീകരിക്കാനാണ് പ്രിയങ്ക സ്വന്തം വീട് കൊള്ളയടിക്കുക എന്ന കടുംകൈ ചെയ്തത്. ഏകദേശം 90 ലക്ഷം രൂപ മൂല്യം വരുന്ന മൂന്ന് കിലോ സ്വര്‍ണ്ണം, 64,000 രൂപ വിലമതിക്കുന്ന രണ്ടു കിലോ വെള്ളി ആഭരണങ്ങള്‍, കബോര്‍ഡില്‍ വെച്ചിരുന്ന പണം എന്നിവയാണ് പ്രിയങ്ക മോഷ്ടിച്ചത്. മോഷണശേഷം വീട്ടുസാമഗ്രികൾ തല്ലിതകർത്ത് മോഷണത്തിന്റെ പ്രതീതിയുണ്ടാക്കി.

ഉച്ചയ്ക്ക് ഒരുമണിയോടെ അമ്മയും സഹോദരിയും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു കൃത്യം. ഉച്ചയ്ക്ക് അച്ഛൻ കിഷോർ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നത് കാണുന്നത്. അപ്പോൾ തന്നെ പൊലീസിനെ അറിയിച്ചു. വീട്ടിലെ ഉപകരണങ്ങള്‍ തകര്‍ത്തെങ്കിലും കബോര്‍ഡ് തകര്‍ത്തിരുന്നില്ല. പകരം ഡ്യൂപ്‌ളിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് തുറന്നത്. ഡ്യൂപ്‌ളിക്കേറ്റ് താക്കോലിനെ കുറിച്ച് അറിയാവുന്നയാളാണ് മോഷ്ടാവ് എന്ന് മനസ്സിലാക്കാന്‍ പോലീസിന് ഇത് സഹായകരമായി. തുടരന്വേഷണത്തിലാണ് സംശയം പ്രിയങ്കയിലേക്ക് നീങ്ങുന്നത്. ഹൗസിംഗ് സൊസൈറ്റിയിലെ ടെലിവിഷന്‍ ദൃശ്യങ്ങളും പരിശോധിച്ച ശേഷം പ്രിയങ്കയുടെ ഫോൺ വിളികളുടെയും സന്ദേശങ്ങൾ കൈമാറിയതും പൊലീസ് കണ്ടെത്തി. ഇതിൽ നിന്നാണ് ഹേത്തുമായുള്ള പ്രണയം അറിയുന്നത്.

അധികം വൈകാതെ അന്വേഷണസംഘം ഹേത്തിന്റെ വീട്ടിലെത്തി. ഇയാളുടെ താമസ സ്ഥലത്തു നിന്നും മോഷണം പോയ പണവും വിലപ്പെട്ട വസ്തുവകകളും കണ്ടെത്തി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഹേത്ത് എല്ലാം തുറന്നു പറഞ്ഞു. മോഷണം നടത്തിയത് മകൾ തന്നെയാണെന്ന് മനസിലായതോടെ വീട്ടുകാർ കേസ്പിൻവലിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *