മോഹന്‍ലാലിന് മമ്മൂട്ടിയെങ്കില്‍ പ്രണവ് മോഹന്‍ലാലിന് ദുല്‍ഖര്‍! ഏട്ടന്മാരും ഇക്കമാരും കൂടി ഞെട്ടിച്ചു…….

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ നിന്നുള്ള ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ടീസര്‍ റിലീസ്. മോഹന്‍ലാലിന്റെ കരിയറിലെ അടുത്തൊരു സൂപ്പര്‍ ഹിറ്റ് മൂവിയായിരിക്കുമെന്നുള്ള സൂചനയാണ് ടീസര്‍ നല്‍കുന്നത്. അതേ സമയം മമ്മൂട്ടി ടീസര്‍ പുറത്തിറക്കിയതും ശ്രദ്ധേയമാണ്. മലയാള സിനിമയുടെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്. ഇന്ന് തന്നെ മറ്റൊരു സര്‍പ്രൈസ് കൂടി വരികയാണ്. ലൂസിഫറില്‍ നിന്നും ടീസര്‍ വന്നത് പോലെ പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ നിന്നും ടീസര്‍ വരികയാണ്.

ലൂസിഫറിന്റെ ടീസര്‍ മമ്മൂട്ടി പുറത്ത് വിട്ടപ്പോള്‍ പ്രണവിന്റെ സിനിമയുടെ ടീസര്‍ ദുല്‍ഖര്‍ സല്‍മാനാണ് റിലീസ് ചെയ്യുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ എത്തുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ പ്രണവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. പ്രണവിന്റെ ഇതുവരെ ആരും കാണാത്ത മാസ് ലുക്ക് ആയിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. കൈയിലൊരു ഇരുമ്പ് ദണ്ഡ് പിടിച്ച് നില്‍ക്കുന്ന കൂളിംഗ് വെച്ചാണ് പ്രണവ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് ടീസര്‍ കൂടി വരുമ്പോള്‍ സിനിമയുടെ നിലവാരം എങ്ങനെയാണെന്ന് മനസിലാവും.

Leave a Reply

Your email address will not be published. Required fields are marked *